സാലറി ചാലഞ്ച്; വിസമ്മതപത്രം വേണ്ട, സമ്മതപത്രം മതിയെന്ന്‍ ധനവകുപ്പ്

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി. വിസമ്മതപത്രത്തിനു പകരം സര്‍ക്കാര്‍ സമ്മതപത്രം വാങ്ങും. പുതിയതായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമ്മതപത്രം നല്‍കിയാല്‍ മതിയാകും. നേരത്തെ ഡി.ഡി.ഒമാര്‍ക്ക് സമ്മതം നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും ധാരണ. ഉത്തരവ് ഇന്ന് ഇറങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം സാലറി ചലഞ്ചിനെതിരെയുളള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിസമ്മതപത്രം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ശമ്പളം നല്‍കാന്‍ തയാറല്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഈ വ്യവസ്ഥ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ്. ഹൈക്കോടതി ഇക്കാര്യം കണക്കിലെടുത്തില്ലെന്നും വിസമ്മതപത്രം സംബന്ധിച്ച വ്യവസ്ഥ റദ്ദാക്കിയെന്നും സംസ്ഥാനസര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നല്‍കാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന സാലറി ചാലഞ്ച് ഉത്തരവിലെ പത്താം വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അത്തരം വ്യവസ്ഥയില്‍ നിര്‍ബന്ധിക്കലിന്‍റെ ഘടകമുണ്ടെന്നു കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്കു സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സംഭാവന നല്‍കാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

വിമുഖതയുള്ളവരൊഴികെ ജീവനക്കാരെല്ലാം സംഭാവന നല്‍കണമെന്നും വിമുഖതയുള്ളവര്‍ വിസമ്മതപത്രം നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നതാണു സര്‍ക്കാര്‍ ഉത്തരവിലെ പത്താംവ്യവസ്ഥ. സാലറി ചാലഞ്ച് ഉത്തരവു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ ഇടക്കാല ഉത്തരവിനെതിരെ കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് സി. ടി. രവികുമാര്‍, ജസ്റ്റിസ് എ. എം. ബാബു എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.

സുപ്രീംകോടതിവിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കോടതിവിധിയനുസരിച്ച് വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ ഉത്തരവില്‍ ഭേദഗതിവരുത്തും. സമ്മതപത്രം നല്‍കിയവരില്‍ നിന്നുമാത്രമേ ഈമാസം തുക ഈടാക്കൂ. ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. പിരിച്ചെടുത്ത തുക പ്രളയദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*