ശബരിമല: യുവതികള്‍ക്കായി ശബരിമലയില്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്.
എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒരു വിഭാഗത്തിന്‍റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്‍റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.
ശബരിമലയില്‍ എത്രയുംവേഗം സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്ന് ഡിജിപിയുടെ സത്യവാങ്മൂലം. എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
ശബരിമലയിലെ പോലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഡിജിപിയുടെ സത്യവാങ്മൂലം. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ഒന്നുമില്ല. നടപ്പന്തല്‍ കഴുകി വൃത്തിയാക്കുന്നതിനെയാണ് ഭക്തര്‍ വിരിവയ്ക്കുന്നത് തടയാന്‍ വെള്ളമൊഴിക്കുകയാണെന്ന് വ്യഖ്യാനിക്കുന്നത്. നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങളുണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നം ഉണ്ടാക്കിയവര്‍ മണ്ഡലകാലത്തുമെത്തി. ഇതിന് തെളിവായി മാധ്യമവാര്‍ത്തകളും ദൃശ്യങ്ങളും ഹാജരാക്കി.
എന്നാല്‍ സത്യവാങ്മൂലം വൈകിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. സത്യവാങ്മൂലം പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ എങ്ങനെ പരിശോധിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകള്‍ ലഭിക്കാനുണ്ടായ കാലതാമസമാണ് കാരണമായി എജി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ശബരിമലയില്‍ സമാധാനം കൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജിക്കാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞു. ശബരിമലയില്‍ സ്വകാര്യ താല്പര്യമുള്ളവരുണ്ടാകാം. അത് നോക്കിനില്‍ക്കാനാകില്ലെന്നും കോടതി ഓര്‍മിപ്പിച്ചു ശബരിമലയില്‍ സൗജന്യ അന്നദാനം കുടിവെള്ളം ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ട്.
ബോര്‍ഡിന്‍റെ ഫണ്ട് ഹൈക്കോടതിയുടെ അനുമതിയില്ലാതെ ചിലവഴിക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പൊലീസുകാരുടെ നിത്യചെലവിനായി ദേവസ്വംഫണ്ട് വിനിയോഗിക്കുന്നെന്ന ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. എന്നാല്‍ പൊലീസ് ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

