മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.

41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്നലെ സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്.

തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ജനുവരി 14നാണ് മകരവിളക്ക്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമെന്ന പോലെ തന്നെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ശബരിമലയിലുണ്ടായി.

prp

Related posts

Leave a Reply

*