കീവ്: നീണ്ട ഇടവേളയ്ക്കുശേഷം യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ.ഇന്നലെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രെയ്ന് നഗരങ്ങളില്‍ നടന്ന സ്ഫോടന പരന്പരയില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേര്‍ക്കു പരിക്കേറ്റു.
ജനവാസ മേഖലയും റോഡുകളും കുട്ടികളുടെ കളിക്കളങ്ങളുമുള്പ്പെടെ ആക്രമിക്കപ്പെട്ടുവെന്ന് യുക്രെയ്ന് വ്യോമസേന പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ആക്രമണത്തില്‍ 83 മിസൈലുകളാണ് റഷ്യ വര്‍ഷിച്ചത്. ആളുകളെ റഷ്യന്‍സേന വെടിവച്ചുകൊന്നുവെന്നും യുക്രെയ്ന് ആരോപിക്കുന്നു.
ജൂണ്‍ 26നുശേഷം യുക്രെയ്നില്‍ റഷ്യനടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രെയ്ന് സ്ഫോടനത്തില്‍ തകര്‍ത്തുവെന്നാരോപിച്ചാണ് റഷ്യയുടെ ആക്രമണം. റഷ്യന്‍ പട്ടാളത്തിന് ഏറെ തന്ത്രപ്രധാനമായ പാലം തകര്‍ത്തത് ഭീകരപ്രവര്‍ത്തനമാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് കുറ്റപ്പെടുത്തിയിരുന്നു.
റഷ്യന്‍ ഭീകരതയോടു സമാനമായ രീതിയില്‍ പ്രതികരിക്കേണ്ടിവരുമെന്നു പുതിയ സംഭവവികാസങ്ങളോട് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചു.
പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടരയോടെ റഷ്യ ആക്രമണത്തിനു തുടക്കമിടുകയായിരുന്നു. ഉച്ചവരെ അഞ്ചുതവണ കീവില്‍ സ്ഫോടനങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പു നല്കി. മിക്കനഗരങ്ങളിലെയും സ്ഫോടനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കീവിലെ ഷെവ്ചെന്കോയില് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നതെന്ന് കീവ് മേയര്‍ അറിയിച്ചു. നിരവധി ഓഫീസ് കെട്ടിടങ്ങള്‍ക്ക് കേടുപറ്റി. ശരീരത്തില്‍ ചോരയൊലിപ്പിക്കുന്ന നിലയില്‍ ആളുകള്‍ നിരത്തുകളിലുണ്ടായിരുന്നു. ആളുകള്‍ക്ക് പ്രഥമശുശ്രൂഷയുള്പ്പെടെ ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജര്‍മന്‍ എംബസിയിലും മിസൈല്‍ പതിച്ചു
കീവിലെ ജര്‍മന്‍ എംബസി ഓഫീസിലും മിസൈല്‍ പതിച്ചു. വീസാ വിഭാഗം കൈകാര്യം ചെയ്യുന്ന ഓഫീസ് തകര്‍ന്നതായി ജര്‍മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. ഏറെ നാളായി ഈ വിഭാഗം പ്രവര്‍ത്തിച്ചിരുന്നില്ല. ആക്രമണസമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നും ജര്‍മനി സ്ഥിരീകരിച്ചു.
റഷ്യന്‍ പട്ടാളത്തിന്റെ നീക്കത്തിന് ഏറ്റവും തന്ത്രപ്രധാനമെന്നു കരുതുന്ന പാലം ശനിയാഴ്ചയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. സംഭവം യുക്രെയ്ന് ജനത വ്യാപകമായി ആഘോഷിച്ചുവെങ്കിലും പ്രസിഡന്റ് സെലന്‍സ്കി ഉള്‍പ്പെടെ പ്രമുഖര്‍ പ്രതികരിച്ചിട്ടില്ല. ഇതിനുശേഷമാണു കടുത്ത ഭാഷയില്‍ പുടിന് മുന്നറിയിപ്പു നല്‍കുകയും പിന്നാലെ ആക്രമണം ശക്തമാക്കുകയും ചെയ്തത്.
റഷ്യന്‍ നടപടിയുടെ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ നേതാക്കള്‍ യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയുമായി ആശയവിനിമയം നടത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച നേതാക്കള്‍ യുക്രെയ്നുള്ള പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ജനവാസമേഖലയിലെ ആക്രമണങ്ങളില്‍ മാക്രോണ്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സെലന്‍സ്കിയുമായി ആശയവിനിമയം നടത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ജി 7 രാജ്യങ്ങളുടെ പിന്തുണ ഉറപ്പു നല്കി.മിസൈല്‍ ആക്രമണത്തെ യുദ്ധക്കുറ്റമെന്നു വിശേഷിപ്പിച്ച പോളിഷ് വിദേശകാര്യമന്ത്രി സിബിഗ്ന്യു റൗ റഷ്യക്ക് ഈ യുദ്ധത്തില്‍ ജയിക്കാനാവില്ലെന്നും വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്കു ജാഗ്രതാ നിര്‍ദേശം
കീവ്: യുക്രെയ്ന് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കി കീവിലെ ഇന്ത്യന്‍ എംബസി. യുക്രെയ്നിലേക്കും യുക്രെയ്നിനകത്തും അനാവശ്യയാത്രകള്‍ ഒഴിവാക്കണം. യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണവിവരങ്ങള്‍ അറിയിക്കണമെന്നും എംബസി നിര്‍ദേശിച്ചു. യുക്രെയ്ന്-റഷ്യ യുദ്ധത്തില്‍ മാസങ്ങള്‍ക്കു ശേഷം ആക്രമണം ശക്തമായ സാഹര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.

