‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്ത് തന്നെയുണ്ട്, നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും’; സന്ദീപ് വാര്യരോട് താന്‍ കൂടെയുണ്ടാകുമെന്ന് രാമസിംഹന്‍ അബൂബക്കര്‍

പാലക്കാട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സന്ദീപ് വാര്യര്‍ ഞാന്‍ കൂടെയുണ്ടാകും’എന്നാണ് രാമസിംഹന്റെ കുറിപ്പ്.

‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്തു തന്നെയുണ്ട്. നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് ഇന്നലെയാണ് സന്ദീപ് വാര്യരെ നീക്കിയത്. നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കോട്ടയത്ത്‌ ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുത്തത്. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് വാര്യര്‍ വ്യാപകമായി പിരിവ് നടത്തിയെന്ന ആരോപണവുമായി പാലക്കാട്‌, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

സംസ്ഥാന വക്താവെന്ന നിലയില്‍ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും, ആഭ്യന്തര കാര്യമായതിനാല്‍ കാരണങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

prp

Leave a Reply

*