റബര്‍ വിലയിടിവ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍

കോട്ടയം: റബര്‍ വിലയിടിവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍. റബറിനു വില കുറഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തി. തോട്ടങ്ങള്‍ കാടുമൂടിക്കിടക്കുകയാണ്. സ്വയം ടാപ്പിങ് നടത്തുന്നവര്‍ മാത്രമാണ് കുറെച്ചെങ്കിലും ഉല്‍പാദനം നടത്തുന്നത്. അവരും ഇപ്പോള്‍ കടക്കെണിയിലാണ്. വിപണിയെയും പ്രതിസന്ധി ബാധിച്ചു.

ചെറുകിട, വന്‍കിട റബര്‍ കര്‍ഷകരെല്ലാം വീട്ടുചെലവുകള്‍ നടത്തിയിരുന്നത് റബറിനെ ആശ്രയിച്ചാണ്. മതിയായ വില ലഭിക്കാത്തതിനാല്‍ ജീവിത മാര്‍ഗത്തിനു മറ്റു വഴി തേടുകയാണു പലരും. റബര്‍ മരങ്ങളിലെ ഇല കൊഴിയുന്ന കാലമാണിത്. ഇതുമൂലം പലരും ടാപ്പിങ് നിര്‍ത്തി. എന്നാല്‍, മഞ്ഞുകാലമായതിനാല്‍ പാലിന്‍റെ അളവ് കുറഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ ടാപ്പിങ് തുടരുന്നവരുമുണ്ട്. റബര്‍ ഷീറ്റിന് 120-125 രൂപയാണു വിപണി വില. അതു നല്‍കാന്‍ ചെറുകിട വ്യാപാരികള്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ വില സ്ഥിരത പദ്ധതിയും കര്‍ഷകര്‍ക്കു തുണയാകുന്നില്ല. സബ്സിഡി തുക ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. റബര്‍ വിലക്കുറവിനെതിരെ സമരം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തങ്ങളെ കയ്യൊഴിഞ്ഞിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

prp

Related posts

Leave a Reply

*