കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സഹോദരനായ നൌഷാദിന്റെ സംരക്ഷണയിലാണെന്ന് പോലീസ്. പെരുമ്പാവൂര്‍ സ്വദേശി നൌഷാദും ഒളിവിലെന്ന് പോലീസ് പറയുന്നു. ഇമാമിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത ഇമാമിന്റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.
ഇമാമിന്റെ ഇന്നോവ വാഹനം കണ്ടെത്താതിരിക്കാന്‍ പിടികൂടിയ സഹോദരങ്ങള്‍ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കടത്താന്‍ ഉപയോഗിച്ച ഇന്നോവ പെരുമ്പാവൂരിലെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ വാഹനം കണ്ടെത്തിയത് വൈറ്റില ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നായിരുന്നു. വാഹനം ഇവിടെ ഉപേക്ഷിച്ച് ബസിലാണ് ഇമാം പോയത്.
വെള്ളിയാഴ്ചയാണ് ഇമാമിന്റെ മൂന്ന് സഹോദരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇമാമിന്റെ ഇന്നോവ വാഹനത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇമാമിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങി. ഇതേത്തുടര്‍ന്ന് ഇമാം കീഴടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോഴും ഒളിവില്‍ തുടരുന്ന ഇമാം തീരുമാനം മാറ്റിയെന്നാണ് പോലീസ് കരുതുന്നത്.
