ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പി.എസ്.എല്‍.വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയില്‍നിന്നുള്ള ഒാരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. 1323 കിലോയാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പി.എസ്.എല്‍.വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്. ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്.
ഇന്ന് രാവിലെ 9.28 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ബഹിരാകാശമാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഒരു മിനിട്ട് നീട്ടി 9.29 ആക്കിയത്. റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്‍റെ താപകവചം വിടരാതിരുന്നത് മൂലമാണ് കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടത്.

