കല്‍പ്പറ്റ: രാഹുലും പ്രിയങ്കയും സംസ്ഥാനത്ത് ആദ്യമായി ഒരുമിച്ച് വന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ അത് ആവേശപ്പെരുമഴയായി പെയ്തിറങ്ങി. വയനാടിനെ മാത്രമല്ല കേരളത്തിന്റെ പലഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെയാണ് ഇത് ആവേശക്കൊടുമുടി കയറ്റിയത്.
രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കുന്നതിനും നേരില്‍ കാണുന്നതിനും മുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, വയനാടും പരിസര ജില്ലകളില്‍ നിന്ന് ജനം കല്‍പ്പറ്റയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്ന് പുലര്‍ച്ചെ മുതലേ ദൃശ്യമായത്. മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിയന്ത്രണവും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഇതെല്ലാം സഹിച്ചുകൊണ്ടാണ് അവര്‍ എത്തിയത്. രാവിലെ പത്തോടെ കോഴിക്കോട് വിക്രം മൈതാനിയില്‍നിന്ന് ഹെലികോപ്ടര്‍ വഴിയാണ് രാഹുല്‍ കല്‍പ്പറ്റ എ.കെ.എം.ജെ സ്കൂള്‍ മൈതാനിയില്‍ ഇറങ്ങിയത്.
സുരക്ഷയുടെ ഭാഗമായി രാഹുല്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പേ റോഡ് പൂര്‍ണമായും അടച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്കൂള്‍ മൈതാനിയില്‍നിന്ന് തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് റോഡ് ഷോയില്‍ പങ്കെടുത്തു.
വയനാട് കളക്ടര്‍ക്ക് മുമ്പാകെ രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പിച്ചു. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, ടി. സിദ്ദിഖ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും പത്രികാ സമര്‍പ്പണവേളയില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു. കാണാനെത്തിയ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം കാരണം ഇരുവരെയും ടെര്‍മിനലിന് പുറത്തേക്ക് വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന രാഹുല്‍ പ്രവര്‍ത്തകരെ കൈവീശി കാണിച്ച ശേഷം വി.ഐ.പി ഗേറ്റ് വഴി പുറത്തേക്ക് പോവുകയായിരുന്നു.
വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക, തമിഴ്നാട് ഭാഗങ്ങളില്‍ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്. തെരച്ചിലില്‍ എവിടേയും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്നും സുരക്ഷാ ഭീഷണികള്‍ ഒന്നും നിലവില്‍ ഇല്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
റോഡ് മാര്‍ഗ്ഗം രാഹുലും പ്രിയങ്കയും വയനാട്ടിലെത്തണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. എ.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടിന് പുറമേ പുത്തൂര്‍ വയല്‍ എ.ആര് ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും ഹെലികോപ്ടര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടായതുകൊണ്ട് പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ രാഹുലിനെ കണ്ടത്. വയനാട് ജില്ല കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇന്ന് ദൃശ്യമായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
