കോട്ടയം: പോത്ത് ഫാമിന്റെ മറവില്‍ വന്‍ തോതില്‍ MDMA വില്പന നടത്തി വന്ന കോട്ടയം സ്വദേശിയെ എക്‌സൈസ് പിടികൂടി.
കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ജില്ലയിലെ MDMA വിതരണത്തിന്റെ പ്രധാന ഇടനിലക്കാരനെ പിടികൂടിയത്.
മോനിപ്പള്ളി ARJ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ ജിതിന്‍. K. പ്രകാശ് ( 30 വയസ്) ആണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. മഫ്തിയിലും, എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ രഹസ്യാന്വേഷണങ്ങള്‍ക്കൊടുവില്‍ പോത്തിനെ വാങ്ങാന്‍ എന്ന വ്യാജേന ഫാമില്‍ എത്തി തന്ത്രപൂര്‍വ്വം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിലെ ചെറു പാക്കറ്റുകളിലും, ഫാമിലെ മുറിയില്‍ നിന്നും, ഇയാളുടെ ഹ്യുണ്ടായ് വെര്‍ണ കാറില്‍ നിന്നുമായി വിപണിയില്‍ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം MDMA ആണ് കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ നിന്നും കടത്തികൊണ്ട് വന്നിരുന്ന MDMA യുടെ പ്രധാന ആവശ്യക്കാര്‍ യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ആയിരുന്നു. MDMA ക്ക് അടിമയായ പ്രതി ഒരു വര്‍ഷത്തില്‍ ഏറെയായി ആഡംബര ജീവിതം നയിക്കാന്‍ മയക്കുമരുന്ന് വില്പന നടത്തി വരുകയായിരുന്നു. പാതിരാത്രിയില്‍ വരെ പോത്ത്ഫാമില്‍ ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ യുവാക്കള്‍ എത്തി ഇടപാടുകള്‍ നടത്തിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ P. ലെനിന്‍, M.നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീപു ബാലകൃഷ്ണന്‍, അനീഷ് രാജ് K. R, രതീഷ്. P. R, സന്തോഷ് കുമാര്‍ V. G, ലാലു തങ്കച്ചന്‍, നിമേഷ് K. S, ജോസഫ് തോമസ് എന്നിവര്‍ ഉണ്ടായിരുന്നു.

