വാഷിങ്ടണ്‍: പന്നികളെ ബാധിക്കുന്ന പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് പഠനം. പന്നിക്കുഞ്ഞുകളില് വയറിളക്കത്തിനും പിന്നീട് മരണത്തിന് വരെ കാരണമാകുന്ന സ്വൈന്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത് നോര്‍ത്ത് കരലിന സര്‍വകലാശാലയിലെ ഗവേഷകരാണ്.
സ്വൈന്‍ അക്യൂട്ട് ഡയേറിയ സിന്‍ഡ്രം കൊറോണവൈറസ് അഥവാ സാഡ്സ്-കോവ് എന്ന് അറിയപ്പെടുന്ന വൈറസിന് കോവിഡിന് കാരണമാകുന്ന സാര്‍സ്-കോവ് 2ന് ഒപ്പമോ അതില്‍ കൂടുതലോ പ്രഹരശേഷിയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ആഗോള സമ്ബദ്വ്യവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും വൈറസ് ഏറെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.െഎയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2016ല്‍ വവ്വാലുകളിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഇത് പന്നികളെയും ബാധിച്ചതായി സ്ഥിരീകരിച്ചു. സാഡ്സ്-കോവ് അന്നനാളത്തെയും ദഹനവ്യവസ്ഥയെയുമാണ് ബാധിക്കുന്നത്. ചെറിയ പന്നികളില്‍ ഇത് മരണകാരണമാകാമെന്നും പഠനമുണ്ട്. അതേസമയം, വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാഡ്സ്-കോവ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടോ എന്ന് അറിയാനായി ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനുഷ്യരുടെ കുടലിലെയും ശ്വാസനാളിയിലെയും കോശങ്ങളിലും കരളിലും വേഗത്തില്‍ ഇൗ വൈറസിന് പെരുകാനാകുമെന്നാണ് അവര്‍ കണ്ടെത്തിയത്. വൈറസിനെതിരെ റെംഡെസിവിര്‍ മരുന്ന് ഫലപ്രദമെന്ന് പ്രാഥമിക പഠനത്തില്‍ തെളിഞ്ഞിരുന്നെങ്കിലും വാക്സിന് കണ്ടെത്തുന്നത് വരെ നാം പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.