പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭക്കാര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പിറവം പള്ളിക്ക് മുന്നില്‍ സംഘര്‍ഷം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സംഘം എത്തിയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ മുകളില്‍ കയറുകയായിരുന്നു.
ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പള്ളിക്കുള്ളില്‍ കയറ്റാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി രണ്ട് പേരാണ് പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. പള്ളിക്കുള്ളില്‍ പൊലീസിനെ കയറ്റില്ലെന്ന നിലപാടുമായി സ്ത്രീകള്‍ അടക്കമുള്ള നൂറോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്. തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച കേസ് നാളെ ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പൊലീസ് സംഘം. വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ചുമാറ്റി. വിശ്വാസികള്‍ സമരം അവസാനിപ്പിക്കണമെന്നും പൊലീസ് നടപടിയുമായി സഹകരിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പിന്മാറിയിട്ടില്ല.
