ഇന്ധന വില വര്‍ധനവ്: ദുരിത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കോവിഡിന്റെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ ശക്തമാകുമ്ബോഴും പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിച്ച്‌ ലാഭം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു. തുടര്‍ച്ചയായി ആറാം ദിവസവും വന്‍ വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്.

ആറ് ദിവസത്തിനിടെ പെട്രോളിന് 3 രൂപ 26 പൈസയും ഡീസലിന് 3 രൂപ 32 പൈസയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധനവ് ഉണ്ടായി എന്നാണ് കമ്ബനികള്‍ പറയുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് വിവിധ സന്ദര്‍ഭങ്ങളിലായി വന്‍തോതില്‍ ആഗോള വിപണിയില്‍ വില ഇടിവ് ഉണ്ടായിട്ടും ഇന്ത്യയിലെ എണ്ണകമ്ബനികള്‍ വിലയില്‍ കുറവ് വരുത്തിയിട്ടില്ല. എന്നു മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച്‌ വില കുറയാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കോര്‍പ്പറേറ്റുകളുടെ സുഖ സൌകര്യങ്ങളന്വേഷിക്കല്‍ മാത്രമാണ് ബി.ജെ.പി ഭരണത്തില്‍ നടക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും ദൈനംദിന ജീവിതത്തിന് വകയില്ലാതെയും വഴിമുട്ടുന്നു ജനങ്ങള്‍ക്ക് മേല്‍ വീണ്ടും ഭാരം കെട്ടി വച്ചു കൊണ്ട് ഫാസിസത്തിന്റെ തനിനിറം കാണിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളില്‍ നിന്നും വിവിധ ഇനങ്ങളിലായി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഭരണകൂടം ഇപ്പോള്‍ നികുതിയായി പിരിച്ചെടുക്കുന്നത്. ആഗോള വിപണിയിലെ ഇന്ധന വിലയെക്കാളും വലുതാണ് ഇന്ത്യയിലെ നികുതി.

മഹാമാരി ഇന്ത്യയില്‍ വലിയതോതില്‍ വര്‍ദ്ധിക്കുമ്ബോഴും ആരോഗ്യ മേഖലയില്‍ ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്ബനികള്‍ക്ക് വേണ്ടിയും കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടിയും ജനങ്ങളുടെ മേല്‍ നടത്തുന്ന ഏകാധിപത്യത്തിനെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൊണ്ട് വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹമീദ് വാണിയമ്ബലം ആഹ്വാനം ചെയ്തു.

prp

Leave a Reply

*