‘ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞാല്‍ കള്ളന്‍ രേഖകള്‍ തിരികെ നല്‍കും’; പരിഹാസവുമായി പി.ചിദംബരം

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ കാണാതായതിനെ കളിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയതെന്നുമുള്ള അറ്റോര്‍ണി ജനറലിന്‍റെ പുതിയ വാദത്തെയാണ് ചിദംബരം കളിയാക്കിയത്.

ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞ് രേഖകള്‍ കള്ളന്‍ തിരികെക്കൊണ്ടുവന്ന് നല്‍കിക്കാണുമെന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം. ”ബുധനാഴ്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് ഫോട്ടോകോപ്പിയായി. തനിക്ക് തോന്നുന്നത് ഇതിനിടയിലുള്ള വ്യാഴാഴ്ച കള്ളന്‍ ഇത് തിരികെ നല്‍കിക്കാണുമെന്നാണ്”- ചിദംബരം പറഞ്ഞു.

റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു സുപ്രീം കോടതിയില്‍ വാദിച്ചതെന്നും പ്രതിപക്ഷം തെറ്റായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിക്കപ്പെട്ടവയാണന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ വേണുഗോപാലിന്‍റെ വാദം.

അതീവ രഹസ്യമായ ഈ രേഖകള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ ലംഘനമാണെന്നും വേണുഗോപാല്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് വിവാദമായതോടെ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് ഹര്‍ജിക്കാര്‍ ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

prp

Related posts

Leave a Reply

*