ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവിലും മറ്റ് വിഷയങ്ങളിലും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. താനെയില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ധനവ്യയം എന്നിവയാണ് ഒരു സമ്ബദ് വ്യവസ്ഥയുടെ നാല് വളര്‍ച്ച എഞ്ചിനുകള്‍. ഇത് ഒരു കാറിന്റെ നാല് ടയറുകള്‍ക്ക് സമാനമാണ്. ഇതില്‍ ഒന്നോ രണ്ടോ പഞ്ചറായാല്‍ കാറിന്റെ വേഗത കുറയും. എന്നാലിവിടെ, മൂന്ന് ടയറുകളും പഞ്ചറാണ്- ചിദംബരം പറഞ്ഞു.
സര്‍ക്കാരിന്റെ ധനവ്യയം നടക്കുന്നത് ആരോഗ്യമേഖലയിലും മറ്റ് ചില സൗകര്യങ്ങളിലുമായി ചുരുങ്ങിയെന്നും ചിദംബരം പറഞ്ഞു. ഈ ധനവ്യയത്തിനുള്ള പണം ആര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എല്‍ പി ജിയുടേയും നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം നികുതികളിലൂടെ പണം പിടുങ്ങി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും ചിദംബരം പറഞ്ഞു.
