കണ്ണൂര്‍: പിണറായിയില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയുടെ ഭര്‍ത്താവിനെ തേടി പോലീസ് കൊല്ലത്തേക്ക്. സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തനയെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് കൊല്ലം സ്വദേശിയായ കിഷോറിനെ തേടി പോലീസ് കൊല്ലത്തേക്ക് പോകുന്നത്.
2012ലാണ് ഇവരുടെ മറ്റൊരു മകള്‍ ഒന്നര വയസുകാരി കീര്‍ത്തന മരിച്ചത്. കീര്‍ത്തനയെ താന്‍ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്. എന്നാല്‍, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാന്‍ ധൈര്യം നല്‍കിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ആറുവര്‍ഷം മുമ്പ് മരിക്കുകയും സംസ്‌കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തില്‍ കൃത്യമായ വിവരം ശേഖരിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. കീര്‍ത്തനയ്ക്കും ശ്വാസതടസവും ഛര്‍ദ്ദിയും മരണത്തിന് മുമ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്.
കീര്‍ത്തന തന്‍റെ കുട്ടി അല്ലെന്ന ആരാേപണം കിഷോര്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ പേരില്‍ നിത്യവും വീട്ടില്‍ വഴക്കുണ്ടായിരുന്നെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സൗമ്യയുടെ സത്യസന്ധത തുറന്ന് കാട്ടാന്‍ എലിവിഷം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. അത് കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും സൗമ്യ പൊലീസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പൊലീസില്‍ കൂടുതല്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

