പരിയാരം മെഡിക്കല്‍ കോളെജിലെ ന‍ഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)നെ ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 305 അനുസരിച്ച്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്‌സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നേഴ്‌സിങ്ങ് കോളേജിലെ ഒന്നാംവര്‍ഷ നേഴ്സിങ്ങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്ബതികളുടെ മകള്‍ പി.ശ്രീലയ (19) ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമില്‍ കത്തെഴുതിവെച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഈ കത്ത് തന്റെ മകളുടെ കയ്യക്ഷരമല്ലെന്നും മരണത്തിന് പിറകിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.

മരണത്തിന് പിന്നില്‍ തങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടെന്നും, മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും, നല്ല മാര്‍ക്ക് വാങ്ങി പാസായ ശ്രീലയ സ്വന്തം താല്‍പര്യപ്രകാരമാണ് നേഴ്സിങ്ങ് തെരഞ്ഞെടുത്തതെന്നും പഠനത്തേക്കുറിച്ച്‌ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്ബോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായി പരിയാരം പോലീസ് പറഞ്ഞിരുന്നു.

ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിക്കുന്ന ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നിന്നെ ഞങ്ങള്‍ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ട് പ്രേമിപ്പിക്കുമെന്ന് പന്തയം വെച്ചിരുന്നതായി മകള്‍ അമ്മയോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ജയരാജന്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കയ്യക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് ഫോണുകളിലും വന്ന കോളുകള്‍ ആരുടേയെല്ലാമാണെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഈ ഫോണുകള്‍ മുറിയില്‍ താമസിക്കുന്ന മൂന്ന് കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നല്‍കിയിരുന്നു.

prp

Related posts

Leave a Reply

*