അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കരുത്ത് കാട്ടി കോണ്‍ഗ്രസ്; കനത്ത പ്രഹരമേറ്റുവാങ്ങി ബിജെപി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചാണ് കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്കാകട്ടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ടത് കനത്ത പ്രഹരമാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പു തോല്‍വി കൂടിയാണിത്.

ഒന്നരപ്പതിറ്റാണ്ടോളം ബിജെപിയുടെ നെടുംകോട്ടയായിരുന്ന ചത്തീസ്ഗഢ് പിടിച്ചെടുത്ത കോണ്‍ഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്കെത്തി. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോണ്‍ഗ്രസിന്‍റെ 10 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയില്‍ ആറുമാസം നേരത്തെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ തെലങ്കാനയില്‍  കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ 230ല്‍ 115 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലേക്കെത്തി. കഴിഞ്ഞ തവണ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് കിട്ടിയത് 108 സീറ്റാണ്. ഗ്രാമീണമേഖലയില്‍ കോണ്‍ഗ്രസിനും നഗരമേഖലയില്‍ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളില്‍നിന്ന് മാത്രം കോണ്‍ഗ്രസ് 94 സീറ്റ് നേടി. ബിജെപിക്കു ലഭിച്ചത് 86 എണ്ണം. നഗരങ്ങളിലെ 25 മണ്ഡലങ്ങള്‍ ബിജെപിക്കു കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 19 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ചത്തീസ്ഗഢില്‍ ബിജെപിയുടെയും മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെയും 15 വര്‍ഷം നീണ്ട ഭരണത്തിനാണ് കോണ്‍ഗ്രസ് അന്ത്യം കുറിച്ചത്. 90ല്‍ 68 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. ഫലം പുറത്തുവന്നതോടെ രമണ്‍ സിങ് രാജിവെച്ചു.

119 അംഗ നിയമസഭയില്‍ 88 സീറ്റുമായി ടിആര്‍എസ് വീണ്ടും തെലങ്കാനയില്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍റാവുവിന്റെ പ്രഭാവത്തിന് മുന്നില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. കിട്ടിയത് 21 സീറ്റ് തെക്കേ ഇന്ത്യയില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം ഇത്തവണയും പാളി. കിട്ടിയത് ഒരു സീറ്റ് മാത്രം. ഗജ്‌വെല്‍ മണ്ഡലത്തില്‍നിന്ന് കെ. ചന്ദ്രശേഖര്‍റാവു വിജയിച്ചു.

രാജസ്ഥാനില്‍ കഴിഞ്ഞതവണ കൈവിട്ടുപോയ ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 21 സീറ്റില്‍നിന്ന് 99 സീറ്റിലേക്കായിരുന്നു കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ആകെ 199 സീറ്റിലേക്കായിരുന്നു മത്സരം. ഘടകക്ഷികളുടേതുള്‍പ്പെടെ കോണ്‍ഗ്രസിന് 101 സീറ്റ്. 2013ല്‍ 163 സീറ്റുണ്ടായിരുന്ന ബി.ജെ.പി. 73 സീറ്റിലേക്ക് കൂപ്പുകുത്തി. ബി.എസ്.പി.ക്ക് ആറുസീറ്റ് കിട്ടി സി.പി.എം. രണ്ടു സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസിന് കിട്ടിയ 99 സീറ്റില്‍ 86ഉം ഗ്രാമങ്ങളില്‍നിന്നായിരുന്നു. ബി.ജെ.പി.ക്ക് ഗ്രാമീണ മേഖലയില്‍നിന്നു ലഭിച്ചത് 56 സീറ്റാണ്.

മധ്യപ്രദേശില്‍ എ.കെ. ആന്‍റണിയെയും ചത്തീസ്ഗഢില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസ് നിരീക്ഷകരായി നിയോഗിച്ചു. രാജസ്ഥാനില്‍ ബുധനാഴ്ച ഗവര്‍ണറെ കാണുമെന്ന് എ.ഐ.സി.സി. നിരീക്ഷകന്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

prp

Related posts

Leave a Reply

*