തിരുവനന്തപുരം: രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ആരില്‍ നിന്നെല്ലാം രക്തം സ്വീകരിച്ചുവെന്നും ആര്‍.സി.സി.യുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവല്ല ഇതിന് കാരണമെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്. അണുബാധയില്ലാത്ത രക്തമാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഴ്ച വരില്ലെന്നാണ് അവരുടെ വിശദീകരണം. അതേസമയം വിശദമായ അന്വേഷണത്തിന് ശേഷമേ നടപടികള്‍ സ്വീകരിത്താന്‍ സാധിക്കൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചികിത്സ തേടിയ ആലപ്പുഴ സ്വദേശിയായ ഒന്‍പതുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. മാര്‍ച്ചില്‍ ചികിത്സ തേടി ഇവിടെയെത്തിയ കുട്ടിക്ക് എച്ച്‌ഐവിയുണ്ടായിരുന്നില്ല. ആര്‍സിസിയിലെ ചികിത്സയ്ക്കിടെ നല്‍കിയ രക്തത്തിലൂടെയാണ് കുട്ടിക്ക് രോഗം ബാധിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശദമായ അന്വേഷണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

