ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡന കഥകള്‍ വീണ്ടും അരങ്ങേറുന്നു. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ദില്ലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരി പുത്രനായ 28 വയസുകാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ഞായറാഴ്ചയും പതിവുപോലെ കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് ഇരുവരും ജോലിക്ക് പോയി. ഞായറാഴ്ച ആയതിനാൽ പ്രതിയും വീട്ടിലുണ്ടായിരുന്നു. അവധിദിനത്തിൽ നന്നായി മദ്യപിച്ചിരുന്ന യുവാവ് അമ്മ അടുത്തെങ്ങുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്
ഉച്ചയോടെ ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവത്തെക്കുറിച്ച് ആദ്യമറിയുന്നത്. കുട്ടിയുടെ വസ്ത്രത്തിലും ദേഹത്തും രക്തപ്പാടുകൾ കണ്ട ഉടന്‍ ഭര്‍ത്താവിനെ വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇതോടെയാണ് പീഡനത്തിനിരയായെന്ന് വ്യക്തമായത്.
ഇന്നലെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്തെന്നും, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

