തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡ്വ. ശ്രീജേഷ് മണ്ഡപം എന്ന പേരിലാണ് ഇയാള്‍ പ്രൊഫൈല്‍ രൂപവത്കരിച്ചത്.
ഡിസംബര്‍ 18-ന് കേസെടുത്തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കാണിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

