മുസ്‌ലിം എന്നു ചേര്‍ത്തുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കെതിരേ ഹര്‍ജി; ഹര്‍ജിക്കാരനും മതേതരവാദി ആകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കെതിരേ ഹര്‍ജി നല്‍കിയ വ്യക്തിയും മതേതരവാദി ആയിരിക്കണമെന്ന് സുപ്രീംകോടതി.രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണ് ഹര്‍ജിക്കാരന്‍ എന്നു കക്ഷികള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റീസ് ബി.വി. നാഗരത്നയുടെ പ്രതികരണം. മതത്തിന്‍റെ പേരുകള്‍ ഉപയോഗിക്കുന്ന മറ്റു പാര്‍ട്ടികള്‍ക്കും ഹര്‍ജിയില്‍ കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അദ്ദേഹം കോടതിയില്‍ നിന്നു മറച്ചുവച്ചെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി മുസ്‌ലിം എന്നു പേരു ചേര്‍ത്തുള്ള രാഷ്‌ട്രീയപാര്‍ട്ടികളെ ലക്ഷ്യംവച്ചുള്ളതാണെന്നു മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹര്‍ജിക്കാരനെതിരെ മുസ്‌ലിം ലീഗിന്‍റെ അഭിഭാഷകര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. മുസ്‌ലിം അല്ലാത്ത മതങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളെ ഹര്‍ജിക്കാരന്‍ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല.

ഹിന്ദു ജാഗരണ്‍ മഞ്ച്, അകാലി ദള്‍ തുടങ്ങിയ പാര്‍ട്ടികളെ എന്തുകൊണ്ടാണ് കക്ഷി ചേര്‍ക്കാത്തത് എന്നും ചോദിച്ചു. തുടര്‍ന്നാണ് കേസില്‍ മതത്തിന്‍റെ പേരുകള്‍ ഉപയോഗിക്കുന്ന മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും കക്ഷിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

മുസ്‌ലിംമെന്നു പേരില്‍ ഉള്ളത് കാരണം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും മതേതര വിരുദ്ധമാകില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മാര്‍ച്ച്‌ 24ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

prp

Leave a Reply

*