ഭുവനേശ്വര്‍: ഒഡീഷയില്‍ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിനെ വെടിവച്ചു കൊലപ്പെടുത്തിയ എഎസ്‌ഐ അതിനായി മുന്‍പും ശ്രമിച്ചിരുന്നതായി പോലീസ്.
രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച തവണ ശ്രമിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ജര്‍സുഗുഡയിലെ ബ്രജരാരജനഗറില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് മന്ത്രി കൊല്ലപ്പെടുന്നത്. രണ്ട് തവണയാണ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്.
സര്‍ബഹളിലെ മന്ത്രിയുടെ വസതിക്കു സമീപം ഗോപാല്‍ കൃഷ്ണ എത്തിയിരുന്നു. മന്ത്രി വീട്ടിലുണ്ടോ യാത്രയിലാണോ എന്ന അയല്‍വാസികളോട് തിരക്കിയിരുന്നു. അഞ്ച് തവണ ഗോപാല്‍ കൃഷ്ണ എത്തിയപ്പോഴും മന്ത്രി പുറത്തായിരുന്നു. ലോഡ് ചെയ്ത സര്‍വീസ് റിവോള്‍വറുമായാണ് ഈ സമയമെല്ലാം ഗോപാല്‍ കൃഷ്ണ എത്തിയിരുന്നത്.
ഞായറാഴ്ച മന്ത്രി ബ്രജരാരജനഗറില്‍ മന്ത്രി എത്തുന്നുവെന്ന് അറിഞ്ഞ് ഗോപാല്‍ കൃഷ്ണ കൊലപാതകത്തിന് പദ്ധതിയിട്ട് അവിടെ എത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ഒരു ബന്ധുവിന് ജോലി നല്‍കണമെന്ന എഎസ്‌ഐയുടെ ആവശ്യം മന്ത്രി വേണ്ടപോലെ പരിഗണിച്ചില്ലെന്നും അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്‌ഐയുടെ മാനസിക നില ശരിയല്ലെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. അയാള്‍ ബൈപോളാര്‍ ഡിസോര്‍ഡറിന് അടിമയാണെന്നാണ് ബന്ധുക്കളുടെ വാദം. എന്നാല്‍ അത്തരം ചികിത്സയൊന്നും നടത്തുന്നില്ലെന്ന് പോലീസ് പറയുന്നു.
അടുത്ത ബന്ധുവിന് ജോലിയും തനിക്ക് വീടിന് സമീപമുള്ള ബെര്‍ഹംപുര്‍ സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റവും ആവശ്യപ്പെട്ട് മൂന്നു മാസം മുന്‍പ് എഎസ്‌ഐ മന്ത്രിയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ ഇതിനോട് മന്ത്രി തണുത്ത പ്രതികരണമാണ് നടത്തിയത്. ഇതില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് എഎസ്‌ഐക്ക് തോന്നിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ട്രാഫിക് ഡ്യൂട്ടിയില്‍ ആയിരുന്നു എഎസ്‌ഐ. എന്നാല്‍ ഡ്യുട്ടി ഉപേക്ഷിച്ചാണ് അയാള്‍ മന്ത്രിയുടെ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയത്. മന്ത്രിയുടെ ഹൃദയവും ഇടത് ശ്വാസകോശവും തകര്‍ത്താണ് വെടിയുണ്ട കടന്നുപോയത്.

