മുംബൈ: ബി.ജെ.പി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ മുംബൈയിലെത്തെി. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു.
ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ഈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്‍റെ നീക്കം.
അതേസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിയ്ക്കുകയാണ്. സമാധാന ചര്‍ച്ചകളുടെ ഭാഗമായി നേരത്തെ, മന്ത്രി ഗരീഷ് മഹാജനെ സര്‍ക്കാര്‍ പ്രതിനിധിയായി അയച്ചിരുന്നു. അതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ഉദ്യോഗസ്ഥ തല യോഗം വിളിച്ചത്.
ആറു ദിവസം മുന്‍പ് വെറും 12,000 ആളുകളുമായി ആരംഭിച്ച റാലി ഇപ്പോള്‍ അര ലക്ഷം കവിഞ്ഞിരിയ്ക്കുകയാണ്. പ്രായവും രോഗവുമൊന്നും കിലോമീറ്ററുകള്‍ നടക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളുമായും നഗ്‌നപാദരായും വരെ ആളുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
കൊടുംവെയില്‍ അവഗണിച്ചാണ് വയോധികരും സ്ത്രീകളും കുട്ടികളും അടങ്ങിയ കര്‍ഷക സംഘത്തിന്റെ വരവ്. നിരത്തിനരികില്‍ പാചകം ചെയ്ത് ഭക്ഷിച്ചും തെരുവില്‍ കിടന്നുറങ്ങിയും പുഴകളില്‍ കുളിച്ചും കിണറുകളില്‍നിന്ന് കുടിവെള്ളം ശേഖരിച്ചുമായിരുന്നു യാത്ര. കര്‍ഷക കടം എഴുതിത്തള്ളുക, വനംവകുപ്പ് ആദിവാസികളില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുക,വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

