‘മോഹന്‍ലാല്‍’ ചിത്രത്തിന് സ്‌റ്റേ..!

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോടതിയുടേതാണ് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്. തന്‍റെ സമാഹാരം മോഷ്ടിച്ചെന്നാണ് രവികുമാറിന്‍റെ പരാതി.

‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് രവികുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

കലവൂര്‍ രവികുമാര്‍ പറഞ്ഞത് ഇങ്ങനെ:

‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്‍റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണ് എന്‍റെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഞാന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ എന്‍റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും എനിക്ക് പ്രതിഫലം നല്‍കണമെന്നും കഥയുടെ അവകാശം നല്‍കണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി.

ഇപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിന് വരികയാണ്. എനിക്ക് നന്ദി എഴുതി കാണിക്കാം എന്നാണ് അവര്‍ പറയുന്നത്. അതിലെന്ത് കാര്യം? ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് ഫലം. സ്വന്തം കഥ മറ്റൊരാളുടെ പേരില്‍ വരുന്നതിനേക്കാള്‍ വലിയ ദുഖം എന്താണ്? അത്തരം ഒരു അവസ്ഥ ഒരു എഴുത്തുകാരനും സഹിക്കാന്‍ കഴിയില്ല. എനിക്ക് ആരുടെയും നന്ദി വേണ്ട. എഴുത്തുകൊണ്ട് ജീവിക്കുന്നവരുടെ കുടുംബത്തിന്‍റെ അവസ്ഥ എന്താകുമെന്ന് ഇവരാരും ചിന്തിക്കുന്നില്ല. മാന്യമായ പ്രതിഫലം നല്‍കാന്‍ മടിക്കുന്നതെന്തിന്?

ഇതിന് ചിത്രത്തിന്‍റെ സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെ:

കലവൂര്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമയുടെ അവകാശവാദവും പറഞ്ഞ് കേസ് കൊടുക്കുന്നത്. മുന്‍പ് രക്ഷാധികാരി ബൈജുവിനെതിരെയും ദിലീപേട്ടന്‍ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിനെതിരെയും കേസ് കൊടുത്തു. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരായും. ഇത് വളരെ മോശമാണ്.

‘ഫെഫ്കയില്‍ നിന്ന് വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞത്, കഥ മോഷ്ടിച്ചെന്നല്ല മോഹന്‍ലാല്‍ എന്ന വാക്ക് ചെറുകഥയില്‍ ഉളളതുകാരണം അത് സിനിമയാക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത് എന്നായിരുന്നു. മോഹന്‍ലാല്‍ ആരുടെയും സ്വകാര്യ സ്വത്തല്ലല്ലോ, പിന്നെ എന്ത് അര്‍ത്ഥത്തിലാണ് പകര്‍പ്പവകാശലംഘനം വരുന്നത്.

prp

Related posts

Leave a Reply

*