മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യില്ല

ന്യൂഡല്‍ഹി: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് സുപ്രീം കോടതി. ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തു നല്‍കുന്ന വാഹനങ്ങള്‍ വാഹന നിര്‍മാതാവ് നിര്‍മിച്ചു നല്‍കുന്ന അതേ സ്‌പെസിഫിക്കേഷനുകള്‍ ഉള്ളതായിരിക്കണമെന്നും മോട്ടോര്‍ വാഹന നിയമ വകുപ്പ് പ്രകാരം അനുവദനീയമായ രീതിയിലുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

റോഡിലെ സുരക്ഷിതത്വത്തിനായി, എ ആര്‍ എ ഐ ടെസ്റ്റ് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ സ്‌പെസിഫിക്കേഷനുകളും വാഹന ഉടമകള്‍ അതേപടി തന്നെ നിലനിര്‍ത്തണമെന്നും അതിന് ഭംഗം വരുത്തുന്ന ഏതൊരു മോഡിഫിക്കേഷനും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പഴയ വാഹനത്തിന്‍റെ എഞ്ചിന്‍ അതേ ശേഷിയിലുള്ള മറ്റൊരു പുതിയ എഞ്ചിന്‍ ഉപയോഗിച്ച്‌ മാറ്റുകയാണെങ്കിലും വാഹന ഉടമ രജിസ്റ്ററിങ് അതോറിട്ടിയില്‍ നിന്നും മുന്‍കൂറായി അനുമതി തേടണം. അല്ലാത്തപക്ഷം എഞ്ചിന്‍ മാറ്റിയ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അവകാശമുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഡിഫൈ ചെയ്ത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനത്തിന്‍റെ സ്‌ട്രെക്ചറല്‍ ഘടനയേയും ബോഡിയേയും ഷാസിയേയും ബാധിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഈ കോടതി വിധിയോടെ ഇനി അസാധ്യമാകും.

എന്നാല്‍ പെയിന്‍റ് മാറ്റുന്നതു പോലുള്ള ചെറിയ മാറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല.
ഈ വിധി ആക്സസറി ബിസിനസിനേയും മോഡിഫിക്കേഷന്‍ കേന്ദ്രങ്ങളുടേയും മറ്റ് ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Related posts

Leave a Reply

*