ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയില്‍ നിരാശ മാത്രമേയുള്ളൂവെന്നും പ്രധാനമന്ത്രിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് പിണറായി പറയുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ ശബരിമലപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോച്ച് ഫാക്ടറി വിഷയം ഉയര്‍ത്തിയെങ്കിലും മോദി ഒന്നും പ്രതികരിച്ചില്ല.

