മീ ടൂ വിവാദം; എംജെ അക്ബറിനെതിരായ കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരായ കുരുക്ക് മുറുകുന്നു. ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കും. അക്ബറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവരും ദില്ലി പട്യാല കോടതിയില്‍ മൊഴി നല്‍കാനെത്തും.

മീടു വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദ്ധരാക്കി സഹമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസാണ് അദേഹത്തിന് തന്നെ കുരുക്കായി മാറുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ കേസില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ 20 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ അക്ബറിനും പ്രിയ രമണിക്കുമൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തും. അക്ബറില്‍ നിന്നും ലൈഗിക പീഡനം നേരിട്ടവരും പ്രിയ രമണിയെ ഉപദ്രവിച്ച സംഭവത്തില്‍ സാക്ഷികളായവരുമാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍. മുബൈ മിറര്‍ ചീഫ് എഡിറ്റര്‍ മനീഷ പാണ്‌ഡേ അടക്കമുള്ളവര്‍ സാക്ഷി പറയാനെത്തും.

മീടു വെളിപ്പെടുത്തല്‍ നടത്തിയ ഗസാല വഹാബ്,കനിഹ ഗെലോട്ട്,തുഷിത പാട്ടേല്‍,സുപര്‍ണ ശര്‍മ്മ എന്നിവരും പ്രിയ രമണിക്കായി കേസില്‍ കക്ഷി ചേരുന്നുണ്ട്. 97 അഭിഭാഷക സംഘത്തെയാണ് കേസില്‍ അക്ബര്‍ നിരത്തുന്നത്. എന്നാല്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി അഭിഭാഷക റബേക്ക ജോണ്‍ ഹാജരാകും.

പ്രിയ രമണി അസത്യം പ്രചരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ അക്ബര്‍ കുറ്റപ്പെടുത്തിയത്. പക്ഷെ സംഭവത്തിന് സാക്ഷികളായവരടക്കം ഹാജരാകുമ്പോള്‍ അത് അകബറിന് തിരിച്ചടിയാകും.ദില്ലി പട്യാല കോടതി നാളെ കേസ് പരിഗണിക്കും.

prp

Related posts

Leave a Reply

*