ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ മിന്നും താരമായി ലയണല്‍ മെസ്സി. ലീഗ് ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ ആദ്യമായി നേടുന്ന താരമെന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തം.
സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിനിടെ 25-ാം മിനിറ്റില്‍ അടിച്ച ഗോളിലൂടെയാണ് മെസ്സി തന്‍റെ മുന്നൂറാമത്തെ ഗോള്‍ നേടിയത്. ഈ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ച് സ്‌പോര്‍ട്ടിങ് സമനില പിടിച്ചു.

- 300 ഗോള്‍ നേടിയതിനു ശേഷം മെസ്സി
എന്നാല്‍ 31-ാം മിനിറ്റില്‍ വീണ്ടും മെസ്സി തന്‍റെ 301-ാം ഗോള്‍ വലയിലാക്കിയപ്പോള്‍ ബാഴ്‌സ സ്കോറില്‍ വീണ്ടും മുന്നിലെത്തുകയായിരുന്നു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്‌സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു.
രണ്ടാം പകുതിയില്‍ ബാഴ്സയുടെ സുവാരസ് കൂടി സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ ബാഴ്‌സ 3-1ന് ജയിച്ചു. മത്സരത്തില്‍ ജയിച്ച ബാഴ്സയുടെ തോല്‍വിയറിയാത്ത 31-ാമത്തെ മത്സരമായിരുന്നു ഇത്. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സക്ക് 24 മത്സരങ്ങളില്‍ നിന്ന് 60 പോയന്‍റായി. 54 പോയന്‍റോടെ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 53 പോയന്‍റുണ്ട്.

11 വര്‍ഷത്തിനിടെ 335 മത്സരത്തില്‍ നിന്നാണ് മെസ്സി മൂന്നൂറ് ഗോളുകള്‍ എന്ന നേട്ടത്തിലെത്തിയത്. 251 ഗോളുകളുള്ള ടെല്‍മോ സാറയാണ് മെസ്സിക്ക് പിന്നിലുള്ളത്. 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുണ്ട്.

