ഭോപ്പാല്‍ : രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുകരുതി മനോദൗര്‍ബല്യമുള്ള യുവാവിനെ ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്നു. അന്നപൂര്‍ ജില്ലയിലെ കുയി ഗ്രാമസ്വദേശി മുകേഷ് ഗോണ്ട് (27 )ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ കണ്ട് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചോദ്യചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോള്‍ മറുപടി പറയാതെ മുകേഷ് സ്കൂളിന് പിറകില്‍ ഒളിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് സംഘം മുകേഷിനെ തല്ലിച്ചതച്ചത്.
മര്‍ദ്ദനത്തില്‍ അവശനായ മുകേഷ് മരിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമിസംഘം മൃതദേഹം കല്ലുകെട്ടി അടുത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ ഇടുകയായിരുന്നു. മൃതദേഹം പൊങ്ങിവന്നതോടെയാണ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. ജൂലൈ 28 ന് നടന്ന സംഭവം പുറത്തറിയുന്നത് ആഗസ്റ്റ് ഒന്നിനാണ്.
