പണത്തിനുവേണ്ടി നടിയെ കൊലപ്പെടുത്തിയ കേസ്; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം

മുംബൈ: ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, അയാളുടെ കാമുകി അല്‍വീന എന്ന പ്രീതി സൂരിന്‍ എന്നിവക്ക് ജീവപര്യന്തം വിധിച്ചത്.

2012ലാണ് കേസിന് ആസ്പദമായ സംഭവം നടതക്കുന്നത്. താന്‍ പണക്കാരിയാണെന്നും സിനിമയില്‍ അഭിനയിക്കുന്നത് കാശിനു വേണ്ടിയല്ല, നേരം പോക്കിനാണെന്നും മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച അമിതും പ്രീതിയും മീനാക്ഷിയെ ബന്ദിയാക്കി അവളുടെ വീട്ടുകാരില്‍ നിന്ന് പണം തട്ടാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.

അതനുസരിച്ച്‌, സിനിമയിലും മോഡലിംഗിലും അവസരം വാഗ്‌ദ്ധാനം ചെയ്ത് ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മീനാക്ഷിയെ ബന്ദിയാക്കുകയും, മോചിപ്പിക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മീനാക്ഷിയുടെ അമ്മയ്‌ക്ക് സന്ദേശം അയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ അറുപതിനായിരം രൂപ അയയ്‌ക്കാനേ മീനാക്ഷിയുടെ കുടുംബത്തിന് കഴിഞ്ഞുള്ളൂ.

പണം കിട്ടില്ലെന്നുറപ്പായതോടെ, മീനാക്ഷിയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജഡം പല കഷണങ്ങളാക്കി കുറേ ഭാഗം വീടിന്‍റെ സെപ്ടിക് ടാങ്കില്‍ തള്ളി. തല ഉള്‍പ്പെടെയുള്ള ബാക്കി ശരീരഭാഗങ്ങള്‍ ഒരു ബാഗിലാക്കി ഒരു ബസില്‍ ലക്‌നൗവിലേക്ക് പോയി. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങള്‍ അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു ബസില്‍ ജൗന്‍പൂരിലേക്ക് പോയി. അവിടെ വിജനമായ സ്ഥലത്ത് ബാഗ് ഉപേക്ഷിച്ചു.

മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാര്‍ഡും കൈക്കലാക്കിയിരുന്ന പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ട് മീനാക്ഷിയുടെ അമ്മയ്‌ക്ക് സന്ദേശം അയച്ചു. പണം മീനാക്ഷിയുടെ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ മീനാക്ഷിയുടെ അശ്ലീല ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു സന്ദേശം. അതിനകം തന്നെ വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. മീനാക്ഷിയുടെ സിംകാര്‍ഡ് പിന്തുടര്‍ന്ന പൊലീസ് പ്രതികള്‍ക്ക് പിന്നാലെ കൂടി. അതിനിടെ മീനാക്ഷിയുടെ അക്കൗണ്ടില്‍ നിന്ന് 46,000 രൂപ പ്രതികള്‍ കൈക്കലാക്കിയിരുന്നു. മുംബയില്‍ എത്തിയ പ്രതികള്‍ ഏപ്രില്‍ 14ന് ബാന്ദ്രയില്‍ മീനാക്ഷിയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.

 

 

prp

Related posts

Leave a Reply

*