കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്‍റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്‍റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ബിജെപി ആണ് അക്രമത്തിനു പിറകില്‍ എന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ആഴ്ച മാലൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലും കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

