മഴക്കാലത്തെ മേക്കപ്പ് ലളിതം

മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ്‌ മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക.

ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ്‌ ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ

മുഖം വൃത്തിയായി കഴുകിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് 10 മിനുട്ട് മുഖം മസാജ് ചെയ്യുക. ഇത് വിയർപ്പ് കുറച്ച് മേക്കപ്പ് കൂടുതൽ നേരം വൃത്തിയായി നിലനിർത്താൻ സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർ ആസ്ട്രിഞ്ചന്റ് ഉപയോഗിക്കുക വരണ്ട ചർമ്മമുള്ളവർ ടോണറും.അതുപോലെ തന്നെ ഫൌണ്ടേഷൻ ഒഴിവാക്കി പൗഡർ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

നിങ്ങളുടെ നിറത്തിന് അനുയോജ്യമായ ഐ ഷാഡോ ഉപയോഗിക്കാം. ഒപ്പം കട്ടിയുള്ള ഐലീനറും വാട്ടർ പ്രൂഫ്‌ മസ്കാരയും നല്ലതുതന്നെ. കടും നിറമുള്ള ലിപ്സ്റ്റിക് ഒഴിവാക്കുന്നതായിരിക്കും മഴക്കാലത്ത് നല്ലത്. മുഖക്കുരുവും, നിർജ്ജലീകരണവും ഒഴിവാക്കുന്ന വാട്ടർ ബേസ്ഡ് മോയിസ്ചറൈസറുകൾ ആണ് ഇക്കാലത്ത് അനുയോജ്യം

ഹെയർ സ്റ്റൈൽ ലളിതമാവട്ടെ. ഹൈ ഫാഷൻ ഹെയർ സ്റ്റൈൽ മഴക്കാലത്ത് ഭംഗിയോടെ സൂക്ഷിക്കുക ബുദ്ധിമുട്ടാവും. തിളക്കമുള്ള ആഭരണങ്ങൾ കേടാകാന്‍ സാധ്യത കൂടുതൽ ആയതിനാൽ ഒഴിവാക്കുക.

ബ്ലഷ് ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ അത് നേർത്തതും ചേർച്ചയുള്ളതും ആയിരിക്കാൻ ശ്രദ്ദിക്കുക . പിങ്ക്, പീച്ചി , ബ്രൌണ്‍ ഷേഡുകളിൽ ഉള്ള ക്രീം ബ്ലഷ് ആയിരിക്കും കൂടുതൽ യോജിച്ചത്. മഴക്കാലത്ത് ഐബ്രോ പെൻസിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാൽ പുരികത്തിന്‍റെ ഷേപ്പ് നിലനിർത്താൻ ത്രെഡ്ഡിങ്ങ് നടത്തുന്നതാണ് നല്ലത്.

ദിവസേന കുളിക്കുന്ന സമയത്ത് തലയോട്ടി മസാജ് ചെയ്യുക. മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും താരൻ ഒഴിവാക്കാനും ഇത് സഹായിക്കും. മഴക്കാലത്ത് കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. നേർത്ത കോട്ടണ്‍ വസ്ത്രങ്ങൾ, കാപ്രി പാന്റ്സ്, ത്രീ ഫോർത്ത് എന്നിവയാണ് മഴക്കാലത്ത് നല്ലത്.

കുടകളിലും മഴക്കോട്ടുകളിലും ഫാഷൻ കടന്നുവന്നിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള നിറത്തിലുള്ളവ തിരഞ്ഞെടുക്കാം. എന്നാൽ എളുപ്പം അഴുക്ക് പറ്റുന്ന വെള്ള പോലുള്ള നിറങ്ങൾ ഒഴിവാക്കുക. ലെതർ ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ എന്നിവ ഒഴിവാക്കുക. പകരം സ്നീക്കേഴ്സ്, ചെരിപ്പുകൾ എന്നിവ ഉപയോഗിക്കുക.

prp

Related posts

Leave a Reply

*