പ്രണയബന്ധം തകര്‍ന്നതില്‍ നിരാശനായിരുന്ന ഡോക്ടര്‍ സ്വന്തം മെഴ്‌സിഡസ് കാറിന് തീയിട്ടു, കത്തിക്കാന്‍ തിരഞ്ഞെടുത്തത് കാമുകിയുമായി ചെലവഴിച്ച സ്ഥലം

ചെന്നൈ: പ്രണയം തകര്‍ന്നതിന്റെ പേരില്‍ സ്വന്തം മെഴ്‌സിഡസ് കാര്‍ തീയിട്ട് നശിപ്പിച്ച്‌ ഡോക്ടര്‍. തമിഴ്‌നാട് കാഞ്ചീപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.

29കാരനായ ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ല സ്വദേശിയാണ് യുവാവ്.

കാഞ്ചീപുരത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ സഹപാഠിയായിരുന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും അകന്നു. ഇതിന് പിന്നാലെ വിഷാദരോഗത്തിന് അടിമയായ ഡോക്ടര്‍ ചികിത്സയില്‍ തുടരുകയായിരുന്നു.

കാറിന് തീയിട്ടത് ആത്മഹത്യാശ്രമമായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. കാറിന് തീയിട്ടതിന് ശേഷം യുവാവ് കാറില്‍ തന്നെയിരിക്കുകയായിരുന്നു. കാമുകിയുമൊത്ത് സമയം ചെലവഴിക്കുമായിരുന്ന കുളത്തിന്റെ സമീപത്താണ് യുവാവ് കാറിന് തീയിട്ടത്. ഏറെനേരം കാറിനകത്തുതന്നെയിരുന്ന യുവാവ് ശ്വാസതടസം നേരിട്ടതിന് പിന്നാലെ പുറത്തേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചതായി പൊലീസ് പറയുന്നു.

ഡോക്ടറിന്റെ കാമുകിയായിരുന്ന യുവതി കാറിലുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയതായും പൊലീസ് പറഞ്ഞു.

prp

Leave a Reply

*