അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവും. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. രാഹുലിനായി മത്സര രംഗത്തുനിന്നു പിന്‍മാറുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് അറിയിച്ചു.

വയനാടു മത്സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം അറിയിച്ചു. ആവശ്യം രാഹുല്‍ അംഗീകരിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതു കേരളത്തിനുള്ള അംഗീകാരമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. എകെ ആന്‍റണിയാണ് ഹൈക്കമാന്‍ഡ് തീരുമാനം മുല്ലപ്പള്ളിയെ വിളിച്ച്‌ അറിയിച്ചത്.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നതിനെ യുഡിഎഫ് ഘടകക്ഷികള്‍ സ്വാഗതം ചെയ്തു. രാഹുല്‍ വയനാട്ടില്‍ അഞ്ചു ലക്ഷത്തിലേറെ വോട്ടിനു ജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നതോടെ കേരളം കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ഏഴാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് രാഹുല്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.

മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രാഹുല്‍ തെക്കേ ഇന്ത്യയില്‍നിന്നു മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു.

prp

Related posts

Leave a Reply

*