തിരുവനന്തപുരം:കായല്‍ കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് തോമസ് ചാണ്ടി തന്നെ തീരുമാനനെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നിയമോപദേശം കാത്തിരിക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പും. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ വളരെ ഗൗരവത്തോടെയാണ് സിപിഎമ്മും സിപിഐയും കാണുന്നത്. തോമസ് ചാണ്ടിയുടെ ഭാവിയുടെ കാര്യത്തില്‍ വെള്ളിയാഴ്ച തന്നെ നിര്‍ണായകമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ നിലനില്‍ക്കുന്നത്. ലേക്ക് പാലസിന്‍റെ നിയമലംഘനം ഉള്‍പ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.
അതേസമയംഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് തോമസ്ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ പരിശോധന നടത്താനുള്ള റവന്യൂവിഭാഗത്തിന്‍റെ തീരുമാനത്തിനെതിരെ വാട്ടര്‍ വേള്‍ഡ് കമ്പനി നോട്ടീസയച്ചു. റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ നേരത്തെ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ജനുവരിക്ക് ശേഷം പരിശോധന നടത്താമെന്നുമാണ് കമ്പനി നഗരസഭയെ അറിയിച്ചിരിക്കുന്നത്.


