പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ 69,000 രൂപ അദ്ധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധി.
അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി ഉണ്ടായത്. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കഴ്ചയ്ക്കു വേണ്ടി 2018ല്‍ കൊട്ടാരക്കരയില്‍ നിന്നും വൈകിട്ട് 8.30ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. അന്ന് 5.30നു വിളിയ്ക്കുമ്ബോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയില്‍ എത്തുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. വൈകിട്ട് 8.30 ന് കെ.എസ്.ആര്‍.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതര്‍ തിരുവനന്തപുരം ഓഫീസില്‍ വിളിക്കുമ്ബോള്‍ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.
അന്ന് രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിന് ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയില്‍ ഒറ്റയ്ക്കു ടാക്സിയില്‍ കൊട്ടാരക്കരയില്‍ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് ചാര്‍ജ്ജ് കൊടുത്ത് മൈസൂറിനു പോകുകയാണുണ്ടായത്. വീട്ടില്‍ നിന്നും 16 കിലോമീറ്റര്‍ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയില്‍ ഇവര്‍ എത്തിയത്. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിില്ല. വൈകി 11.45 നാണ് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് താമസം നേരിട്ടതിനാല്‍ മൂന്നു ദിവസം മൈസൂരില്‍ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദു ചെയ്തിട്ടും ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു.
റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ 69,000 രൂപ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ഹര്‍ജികക്ഷിയ്ക്കു കൊടുക്കാന്‍ ഉത്തരവിട്ടു.ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്ബര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

