പ്ലീനറി ‘പണി’യാകുമോ ; നെഞ്ചിടിപ്പോടെ കേരള നേതാക്കള്‍

തിരുവനന്തപുരം

എഐസിസി പ്ലീനറി സമ്മേളനം റായ്പുരില്‍ വെള്ളിയാഴ്ച തുടങ്ങുമ്ബോള്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍.

ദേശീയതലത്തില്‍ ഒരു തലമുറ നേതാക്കള്‍ ഒഴിയുമ്ബോള്‍ പകരം ആര് എന്നതാണ് പ്രധാന ചര്‍ച്ച. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിയാനാണ് സാധ്യത. പകരം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വരുമെന്നാണ് സൂചന. മൂന്നാമതൊരാള്‍ക്ക് അവസരം കിട്ടിയാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. കെ സുധാകരന്റെയും വി ഡി സതീശന്റെയും പേര് ചര്‍ച്ചയുടെ പരിസരത്തുപോലുമില്ല. സാധാരണ കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും പരിഗണിക്കാറുണ്ട്. അതുണ്ടാകാത്തത് നേതൃതലത്തില്‍ ഇവര്‍ക്ക് കാര്യമായ അംഗീകാരമില്ല എന്നതിന്റെ തെളിവാണ്.

മുല്ലപ്പള്ളി രാമചന്ദ്രനെ അച്ചടക്ക സമിതി ചെയര്‍മാനോ മറ്റേതെങ്കിലും ഭാരവാഹിസ്ഥാനത്തേക്കോ ആണ് പരിഗണിക്കുക. ദേശീയനേതൃത്വത്തില്‍ സുപ്രധാന റോള്‍ വഹിക്കാന്‍ താന്‍ അര്‍ഹനാണെന്ന പരസ്യ പ്രഖ്യാപനം നടത്തി കൊടിക്കുന്നിലും രംഗത്തുണ്ട്. പാര്‍ടിയെ വെല്ലുവിളിക്കാന്‍ ശേഷിയുണ്ടെന്ന് ശശി തരൂരും തെളിയിച്ചു. ഇവരെ രണ്ടുപേരെയും എവിടെ ഉള്‍ക്കൊള്ളിക്കും എന്നതും നേതൃത്വത്തെ കുഴയ്ക്കും. കൊടിക്കുന്നിലിന് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മുമ്ബും ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. തരൂരിനെ തഴഞ്ഞാലുള്ള തിരിച്ചടിയിലാണ് നേതൃത്വത്തിന് ഭയം.

കെപിസിസിയുടെ ഭാരവാഹി പട്ടിക സംബന്ധിച്ചും റായപുരില്‍ വച്ച്‌ ചര്‍ച്ച നടത്തി ധാരണയാകാനാണ് നേതാക്കളുടെ തീരുമാനം. കെ സുധാകരന്‍ പരമ്ബരാഗത ഗ്രൂപ്പുകളെ വകവയ്ക്കാതെ പുതിയ 50 പേരുടെ നോമിനേഷനടക്കം നടത്തിയതില്‍ രൂക്ഷമായ തര്‍ക്കവും നിലവിലുണ്ട്. ഗ്രൂപ്പുകളുടെ പരാതി തള്ളുകയാണ് സുധാകരനും വി ഡി സതീശനും ചെയ്തത്. പ്ലീനറി കഴിഞ്ഞാല്‍ ചില നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നാണ് അറിയുന്നത്.

ഇന്ന് തുടക്കം
ആശയക്കുഴപ്പങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും ഇടയില്‍ കോണ്‍ഗ്രസിന്റെ 85–-ാമത് പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ റായ്പുരില്‍ തുടക്കമാകും. പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും. പ്രതിപക്ഷ സഖ്യം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഛത്തീസ്ഗഢില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

പ്ലീനറി സമ്മേളനത്തെ ബിജെപിയും കേന്ദ്രസര്‍ക്കാരും ഭയക്കുന്നുവെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ അറസ്റ്റെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. മൂന്ന് ദിവസം നീണ്ട പ്ലീനറി സമ്മേളനത്തില്‍ പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയതര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയേക്കും. പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് വേണ്ടെന്നും നാമനിര്‍ദേശം മതിയെന്നുമാണ് നേതൃത്വത്തിനോട് അടുത്ത വൃത്തങ്ങളുടെ നിലപാട്. എന്നാല്‍, പി ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്ലീനറി സമ്മേളന പ്രതിനിധി പട്ടിക പുറത്തുവന്നതോടെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ മകനും വിശ്വസ്തരും പ്രതിനിധികളായതില്‍ സച്ചിന്‍പൈലറ്റ് പക്ഷം രംഗത്തെത്തി.

prp

Leave a Reply

*