കൊല്ലം: കൊല്ലത്ത് 14 കാരന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്‍റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ.
ഇതിനായി അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങി വീടിന്‍റെ പുറക് വശത്ത് വെച്ച് മണ്ണെണ്ണയും ചൂട്ടും ഉപയോഗിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം അരമതിലിലൂടെ മൃതദേഹം വലിച്ച് കൊണ്ട് പോയി. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നും ജയ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ജിത്തുവിന്‍റെ അമ്മ ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്‍റെ അച്ഛന്‍ ജോബ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിരുന്നതായും, ഇവരെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതാണെന്നും ജോബ് പറഞ്ഞു.
കഴിഞ്ഞ 15നാണ് നെടുമ്പന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബിന്റെ യും ജയയുടെയും മകന് ജിത്തു ജോബിനെ കാണാതായത്. ജോബ് അഞ്ചാലുംമൂട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ജോലികഴിഞ്ഞ് രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് സ്കെയില്‍ വാങ്ങാന്‍ അമ്പതു രൂപയും വാങ്ങി പുറത്തേക്ക് പോയ മകനെ കാണാനില്ലെന്ന് ഭാര്യ ജയ പറയുന്നത്.
അന്ന് തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്കി. കാണാതായ മകനെ തിരയുന്നതിനും പത്രത്തില്‍ പരസ്യം കൊടുക്കുന്നതിനും മുന്നില്‍നിന്നത് ജയ തന്നെയായിരുന്നു. പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ജയയെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ കൈകളില്‍ പൊള്ളലേറ്റിരുന്നതും വീടിന് പുറകില്‍ കത്തിച്ചതിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും കസ്റ്റഡിയിലെടുക്കാന്‍ കാരണമായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്ബിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ജയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യംചെയ്യാന്‍ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു

