കണ്ണൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പാറക്കണ്ടം സ്വദേശി മുഹമ്മദ് , സലിം, അളകാപുരം സ്വദേശി അമീര്‍, പാലയോട് സ്വദേശി ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണവം സ്വദേശി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ  കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം ഓടിച്ചിട്ട് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോള്‍ ആണ് ഒടുവില്‍ അക്രമികള്‍ പിന്മാറിയത്. തൊഴിലാളികള്‍ എത്തിയപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ശ്യാമപ്രസാദ്.

അക്രമത്തില്‍ ശ്യാമിന്‍റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും വിലാപയാത്രയായി കൊണ്ടു പോകും. തളിപ്പറമ്പ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റ്, കൂത്തുപറമ്പ് ടൗണ്‍, കണ്ണവം എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.

ശ്യാമ പ്രസാദിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറുമണിവരെയാണ്. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പോലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഏകപക്ഷീയമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതെന്ന് ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

 

 

 

 

prp

Related posts

Leave a Reply

*