ഓട്ടോ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ

പയ്യന്നൂര്‍: ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി  പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി.

ഇതേ തുടര്‍ന്ന് ചന്തേര എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്ത സ്വാമിമുക്കിലെ ഷാനവാസിനെ(19) കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നിരപരാധിയായ തന്‍റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നുവെന്നും അതിന് തെളിവുണ്ടെന്നും കാണിച്ച്‌ സഹോദരി റുബീന മനുഷ്യാവകാശ കമ്മിഷനും, കാസര്‍കോട് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടതിന്‍ പ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയെ അന്വേഷണ ചുമതല എല്‍പ്പിക്കുകയുമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ മൂന്ന് നിരീക്ഷണ കാമറകള്‍ അന്വേഷണ സംഘം പരിശോധനാ വിധേയമാക്കി. ആശുപത്രി രേഖകള്‍ പരിശോധിക്കുകയും ഡോക്ടറുടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു.

ഇതോടെ സംഭവ ദിവസം ഉച്ചക്ക് ശേഷം മൂന്നുമണി വരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കൂടാതെ കാലിക്കടവിലെ നിരീക്ഷണ കാമറകളും സംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് യുവാവ് കുറ്റക്കാരനല്ലെന്നും പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇയാളുടെ ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്നുമുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ തലവനായ ഡിവൈഎസ്പി എം.പ്രദീപ് കോടതിക്ക് നല്‍കിയിരിക്കുന്നത്.

prp

Related posts

Leave a Reply

*