കൊച്ചി: നടന് കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദ്രോഗത്തിനൊപ്പം മസ്തിഷ്കാഘാതവും വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കുന്ന കലാകാരനായിരുന്നു കലാശാല ബാബു. വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞ കുടുംബനാഥനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ 1977ലാണ് സിനിമാരംഗത്ത് എത്തിയത്. നിരവധി മികച്ച കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. വില്ലന്‍ വേഷങ്ങളാണ് കൂടുതലും അദ്ദേഹത്തെ തേടിയെത്തിയത്. കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപ്പും നടത്തിയിരുന്നു.
പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ മകനാണ് കലാശാല ബാബു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമാപ്രവേശം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവിധ സിനിമകളിലായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.
തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന്നടുത്ത് റോയല്‍ ഗാര്‍ഡന്‍സിലാണ് താമസം. ലളിതയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക), വിശ്വനാഥന് (അയര്‍ലന്‍ഡ്) എന്നിവര്‍ മക്കളാണ്. മരുമകന്: ദീപു
സഹോദരങ്ങള്‍: ശ്രീദേവി രാജന് (നൃത്തക്ഷേത്ര, എറണാകുളം), കലാ വിജയന് (കേരള കലാലയം,തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍.

