കാക്കനാട്: നാളുകള്‍ പലതു കഴിഞ്ഞിട്ടും ജില്ലാ ആസ്ഥാനത്തേക്കുള്ള സിവില്‍ ലൈന്‍ റോഡിനു ഒരു മാറ്റവും ഇല്ല. ഭരണാധികാരികള്‍ മാറി മാറി വന്നിട്ടും പാലാരിവട്ടം ബൈപ്പാസ് ജങ്ഷന്‍ മുതല്‍ കാക്കനാട് വരെയുള്ള റോഡ് വളരെ പരിതാപകരമായ സ്ഥിതിയില്‍ തന്നെയാണ്.
പുറം ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ നിത്യേനെയെത്തുന്ന പ്രദേശമാണ് കാക്കനാട്. സിവില്‍ സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക്,സെസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിത്യേന ആശ്രയിക്കുന്നത് ഈ റോഡാണ്. ഒട്ടേറെ പ്രമുഖര്‍ സഞ്ചരിക്കുന്ന റോഡായിരുന്നിട്ടും അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ആരും ശ്രദ്ധിക്കാത്ത അവസ്ഥയാണ്.
എവിടെ നോക്കിയാലും കുഴികള്‍ മാത്രമേയുള്ളൂ. മഴക്കാലം ആണെങ്കില്‍ പിന്നെ പറയാനില്ല. ഓരോ മഴ തീരുമ്പോഴും കുഴികളുടെ വലിപ്പവും എണ്ണവും കൂടിക്കൂടി ഒരു തോണി ഇറക്കേണ്ട പരുവം ആയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ പലതവണ റോഡിന്‍റെ ദുരവസ്ഥയെ കുറിച്ചു പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. ഇത് മൂലം വാഹനക്കുരുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. കുലുങ്ങിയും ചരിഞ്ഞും ദുര്‍ഘട പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴേക്കും നടുവിനു കൈ വച്ചു പോകും.
പാലാരിവട്ടം മുതല്‍ കുന്നുംപുറം വരെയുള്ള റോഡില്‍ യാത്രക്കാര്‍ പ്രത്യേകിച്ചും ബൈക്ക് യാത്രികര്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ചിലപ്പോഴൊക്കെ വാഹനങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥയാണ്. ഫൂട്ട്പാത്തുകള്‍ പോലും വാഹനങ്ങള്‍ കയ്യേറിയിട്ടുണ്ടാകും. കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തന്നെ. മരണഭയത്തോടെയാണ് ഓരോരുത്തരും ഇതുവഴി സഞ്ചരിക്കുന്നത്. അധികൃതര്‍ ഇനിയും മൗനം പാലിക്കുകയാണെങ്കില്‍ സിവില്‍ ലൈന്‍ റോഡ് ഒരു മഡ്റൈസ് പാതയാക്കേണ്ടി വരും.
