ചെങ്ങന്നൂര്‍: നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന്‍. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെണ്‍കുട്ടിയെ പീഡിപ്പിച്ച് തലയ്ക്കടിച്ച് കൊല്ലുമ്പോഴും പ്രധാനമന്ത്രിക്ക് അഭിപ്രായമില്ല. മോദിയുടെ നാല് വര്‍ഷത്തെ ഭരണവും സംസ്ഥാനത്തെ രണ്ട് വര്‍ഷത്തെ ഭരണവും മാറ്റുരയ്ക്കപ്പെടുന്ന അവസരമാണ് ചെങ്ങന്നൂരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബീഭത്സമായ 23 രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉണ്ടായത്. പിണറായിയുടെ ജില്ലയില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണോ അതോ സി.പി.എമ്മിന്‍റെ മുഖ്യമന്ത്രിയാണോ. വരാപ്പുഴയിലെ ശ്രീജിത്തിനെ മര്‍ദ്ദിച്ചു കൊന്നത് ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ്. ഏഴ് ഉപദേശകരെ വെച്ചിട്ടും ആഭ്യന്തര വകുപ്പിന്‍റെ ഭരണം പോലും ശരിയായി കൊണ്ടു നടക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്തപ്പോഴും പ്രതിവര്‍ഷം 300 കോടി മുടക്കി ഭരണപരിഷ്ക്കാര കമ്മീഷനെ കൊണ്ടു നടക്കുകയാണ്. രാജ്യത്ത് ജനാധിപത്യത്തിന് ജീവന്‍ പകര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വേണമോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. ഇതിന് ചുട്ട മറുപടി നല്‍കാന്‍ ചെങ്ങന്നൂരിനാവണമെന്നും അദ്ദേഹം വ്യക്തമാക്കി. മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ രാജപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചര്‍, മുന്‍ എം.എല്‍.എ കെ.കെ ഷാജു, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

