മയാമി: വന്‍ പ്രഹരശേഷിയുമായി ഇര്‍മ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ നാശം വിതക്കുന്നു.ഇതുവരെ ഫ്ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്ലോറിഡയിലെത്തിയത്.
ഇര്‍മ മയാമിയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാറ്റിന്‍റെ ഗതിയില്‍ അപ്രതീക്ഷിത മാറ്റമുണ്ടായി ചുഴലിയുടെ കേന്ദ്രം ഫ്ലോറിഡയിലെ കീയിലേക്ക് മാറിയത് ഒഴിപ്പിക്കല്‍ നടപടിയെയും മറ്റ് മുന്‍കരുതലുകളെയും ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹറികെയ്ന്‍ സെന്‍റര്‍ (എന്‍.എച്ച്.സി.) പറഞ്ഞു.അതിനിടെ, കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി.
ഫ്ലോറിഡയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് ഫ്ലോറിഡയില്‍നിന്ന് തെക്കന്‍ തീരനഗരങ്ങളായ നേപ്പിള്‍സ്, ഫോര്‍ട്ട് മെയേഴ്സ്, ടാംപബേ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നത് ഇതിനിടെ വൈദ്യുത ബന്ധവും തകരാറിലായി. സ്ഥിതിഗതികള്‍ ഭീതിജനകമായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റിക്ക് സ്കോട്ട് പറഞ്ഞു.
ഒഴിഞ്ഞുപോകാന്‍ കഴിയാതിരുന്നവര്‍ക്കായി പോലീസ് അവസാനവട്ട ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

