ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍ . ഐഎന്‍എക്സ് മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിബിഐ അറസ്റ്റു ചെയ്തത് .
കഴിഞ്ഞ മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്കര രാമനെ ദില്ലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് നേരെത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കും എതിരെയായിരുന്നു കേസ്.
2007ല്‍ ഐഎന്‍എക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് കാര്‍ത്തിക്കെതിരെയുള്ള ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉയര്‍ന്നത്.
വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു.കാര്‍ത്തി ചിദംബരം ഐഎന്എക്സില്നിന്നു കണ്സള്ട്ടേഷന് ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

