ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ ഒരവസരം തരണമെന്ന അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പഠാന്‍റെ മകനാണെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.
പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും ഭീകരതയ്ക്കുമെതിരായി നമുക്ക് ഒന്നിച്ച് പോരാടാമെന്ന് ആശംസിച്ചപ്പോള്‍ താന്‍ ഒരു പഠാന്‍റെ മകനാണെന്നും സത്യത്തില്‍ ഉറച്ച് നിന്ന് മാത്രമേ താന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ മറുപടി. ഈ വാക്കുകള്‍ ഓര്‍ത്തെടുത്തായിരുന്നു മോദിയുടെ പ്രസംഗം.
ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണന്നും പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും രാജസ്ഥാനില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കിയിരുന്നു. കണക്കുകള്‍ ഇത്തവണ തീര്‍ക്കുക തന്നെ ചെയ്യും. ഒരുപാട് മാറ്റങ്ങള്‍ വന്ന ഇന്ത്യയാണിത്. ഈ വേദന തങ്ങള്‍ സഹിക്കില്ലെന്നും ഭീകരവാദത്തെ എങ്ങനെ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും മോദി റാലിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തിന്‍റെ ഉത്തരവാദികളായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദും തലവന്‍ മസൂദ് അസറും പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം തന്നെ നടപടി എടുക്കാന്‍ ആവശ്യമായ തെളിവാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി. മുംബൈ, പത്താന്‍ കോട്ട് ഭീകരാക്രമങ്ങളെ തുടര്‍ന്ന് സമര്‍പ്പിച്ച തെളിവുകള്‍ക്കെതിരെ പാകിസ്ഥാന്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

