ന്യൂജന്‍ ഫ്രീക്കന്മാരെ മര്യാദരാമന്മാരാക്കി ഒരു അധ്യാപകന്‍-VIDEO

ഇടപ്പള്ളി: മുടി സ്പൈക്ക് ചെയ്തിട്ടും സ്റ്റൈലില്‍ മുടി നീട്ടി വളര്‍ത്തിയും ഇടപ്പള്ളി ഗവ. ഹൈസ്കൂളില്‍ വരേണ്ട, ന്യൂജന്‍ ഫ്രീക്കന്മാരെ കൈയ്യോടെ പിടികൂടി മര്യാദരാമന്മാരാക്കാന്‍ ഹിന്ദി അധ്യാപകനായ ശ്രീകുമാര്‍ ഉണ്ട്.

ഫ്രീക്കന്മാരെ കൈയോടെ ബാര്‍ബര്‍ഷോപ്പില്‍ കൂട്ടിക്കൊണ്ടുപോയി മുടി വെട്ടിച്ചുകളയും ശ്രീകുമാര്‍ സാര്‍. വിദ്യാര്‍ത്ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം നാലര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. പതിനൊന്നായിരത്തിലേറെ ഷെയറുമുണ്ട്.

ജനുവരി 31-ന് ഉച്ചയ്ക്ക് ഇടവേളയിലാണ് ഇടപ്പള്ളിയില്‍ മുടിവെട്ടുമാമാങ്കം നടന്നത്. 13 ഫ്രീക്കന്മാരെയും കൂട്ടി ബാര്‍ബര്‍ ഷോപ്പിലെത്തി. വിദ്യാര്‍ത്ഥികളുമായി നടന്നുപോകുന്ന അധ്യാപകനെ കണ്ട് സ്കൂളിനു സമീപത്ത് സ്ഥാപനം നടത്തുന്ന പൂര്‍വ വിദ്യാര്‍ത്ഥിയാണ് വീഡിയോപകര്‍ത്തി ഫേസ്ബുക്കിലിട്ടത്.

‘മുടിവെട്ട് വീഡിയോ’ വൈറലായതോടെ ശ്രീകുമാര്‍ സാറും ശിഷ്യന്മാരും നാട്ടിലും സ്കൂളിലും സ്റ്റാറായിട്ടുണ്ട്. 13 കുട്ടികളുടെ മുടിവെട്ടിച്ചതിനു ശേഷം രണ്ടാമത്തെ സംഘത്തിലുള്ള 10 കുട്ടികളുടെ മുടി കൂടി വെട്ടിയിരുന്നു. മുടിവെട്ടാനുള്ള പണം സ്വന്തം കീശയില്‍നിന്ന് നല്‍കിയതിനു ശേഷം സാര്‍ ബാര്‍ബറോട് പറഞ്ഞു: “കുറേ തല കിട്ടിയതല്ലേ, അടുത്ത തവണ എനിക്ക് ഫ്രീയായി മുടിവെട്ടിത്തരണം”.

താലോലിച്ച്‌ കൊണ്ടുനടന്ന മുടി പോയതില്‍ ദേഷ്യമൊന്നും കുട്ടികള്‍ക്കില്ല. അധ്യാപകന്‍റെ നേതൃത്വത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ പോകാന്‍ കഴിഞ്ഞതിലും വീഡിയോ വൈറലായതിലൂടെ നാട്ടിലും സ്കൂളിലും സ്റ്റാറാകാന്‍ കഴിഞ്ഞതിലും സന്തോഷവാന്മാരാണ് ഇവര്‍. അധ്യാപകന്‍റെ നടപടിയില്‍ ആരുടെയും വീട്ടുകാര്‍ക്കും പരാതികളില്ല.

Related posts

Leave a Reply

*