തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം. നാല് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ശക്തമായ മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
അതത് സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ശക്തമായ മഴയില്‍ കോട്ടയം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഇതുവരെ നാല്‍പതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടയത്തേക്കുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചോടിക്കാന്‍ നിര്‍ദേശമുണ്ട്.മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്, പാലരുവി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

