അതിജീവനത്തിന് വേണ്ടി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഹനാനെ മലയാളികള്‍ക്കെല്ലാം ഇപ്പോള്‍ പരിചിതമാണ്. ഹനാന്റെ വാര്‍ത്ത കള്ളമാണെന്ന് കരുതിയവര്‍ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ, തനിക്കെല്ലാ പിന്തുണയും നല്കി കൂടെ നിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയാന്‍ നേരിട്ടെത്തിയിരിക്കുകയാണ് ഹനാന്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഹനാനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹനാന് വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന് വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന് എത്തിയത്.
സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.

